സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ജസ്റ്റ് മാരീഡ്

May 27, 2012 ദീപുപ്രദീപ്‌





മനോഹരന്‍ വെഡ്സ് മല്ലിക 


മുന്‍ കുറിപ്പ് : അതെ ഇന്നാണ് അത് സംഭവിക്കുന്നത്‌ . ഈ കല്യാണം മനോഹരന്റെ കുറെ തോന്നലുകളിലൂടെ , വാക്കുകളിലൂടെ നടക്കുകയാണ്. അങ്ങനെയുണ്ടായ കഥയാണിത്.



നിങ്ങള്‍ക്കറിയോ ? രാവിലെ എഴുന്നേറ്റപ്പോള്‍ തുടങ്ങിയ വിറയാണ്. എല്ലാരുടെ മുഖത്തും ആക്കിയ ഒരു ചിരിയുണ്ട്, അതോ ഇനി എനിക്ക് തോന്നണതാണോ?
രണ്ടു ദിവസമായി ടെന്‍ഷന്‍ തലയ്ക്കു അടിച്ചുകേറിയിട്ടുണ്ട്.
പ്രഭാത കൃത്യങ്ങളെല്ലാം കിറുകൃത്യമായിരുന്നു. ചായയും ഉപ്പുമാവും തിന്നാനുള്ള കുടുംബക്കാരുടേയും , അയല്‍വാസികളുടെയും ഒഴുക്ക് തുടങ്ങി. ജെനറെറ്ററും തൂക്കി സ്റ്റുഡിയോക്കാരും വന്നു . ഞാറാഴ്ച കല്യാണം വെച്ചാ ഇതാ പ്രശ്നം, ഒരു ജില്ലാ സമ്മേളനത്തിനുള്ള ആള്‍ക്കാരുണ്ടാവും. ഇവരുടെയൊക്കെ മുന്നിലിരുന്ന് കല്യാണം കഴിക്കണമല്ലോ എന്നോര്‍ക്കുമ്പോഴാ.......

ന്നെ പുറപ്പെടിപ്പിക്കല്‍ തുടങ്ങി. മള്‍ട്ടി മാനുവും, മുരളിയും , കഞ്ചുട്ടനും , ധൃതി നിസാറും.....തുടങ്ങി ഫുള്‍സെറ്റ് റൂമില്‍ കേറിയിട്ടുണ്ട്. കല്യാണം പ്രമാണിച്ച് ഞാന്‍ വാങ്ങിയ യാര്‍ഡിലി പൌഡറിന്റെയും, ബ്രൂട്ട്  സ്പ്രേയുടെയുമൊക്കെ  അടപ്പൂരുന്നതും കണ്ടു, കാലിയാവുന്നതും കണ്ടു, ഇവിടൊന്നും കിട്ടീല. സത്യത്തില്‍ ഇവര്‍ ആരെയാണ് പുറപ്പെടിപ്പിക്കുന്നത്?

മുറിയിലേക്ക് ദാ വരുന്നു ചേച്ചിയുടെ നാലില്‍ പഠിക്കുന്ന മോന്‍.  പിന്നെ ചോദ്യം ,
"മാമാ, ഈ മണ്ഡപത്തില് ഇരിക്കുമ്പോ തിയേറ്റരില്‍ ഇരിക്കണപോലെ അല്ലേ? എല്ലാരും സില്മേക്ക് നോക്കണ പോലെ മാമനെ തന്നെ നോക്കില്ലേ? അപ്പൊ മാമന് പേടിയാവില്ലേ ?".
"ഇല്ലെടാ മോനെ, വ്യത്യാസണ്ട്. തിയേറ്ററാവുമ്പോ ആള്‍ക്കാര് കൂവും, ഇവിടെ അതുണ്ടാവില്ല."
കണ്ടോ? നറുങ്ങ്പിറുങ്ങോള് വരെ വന്നു പേടിപ്പിക്കാന്‍ തുടങ്ങി, മനപ്പൂര്‍വ്വാ !

ദക്ഷിണ കൊടുക്കല്‍!
കുടുംബഭാരം നട്ടെല്ലിനേല്‍ക്കുന്ന സിറ്റുവേഷന്‍.
ഇതിനുമാത്രം കുടുംബക്കാര് എനിക്കുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. കുമ്പിട്ടു കാലു തൊട്ടു, മനുഷ്യന്റെ നടൂന്റെ ഡിസ്കിന് വിയര്‍ ആന്‍ഡ്‌ ടിയര്‍ ആയിക്കാണും. പണ്ട്കാലത്ത് കുടുംബാസൂത്രണം ഇല്ലാത്തതിന്റെ വേദന അനുഭവിക്കുന്നത് ഇപ്പോഴത്തെ തലമുറയാണ് !

വീട്ടില്‍ നിന്നിറങ്ങുമ്പോ, ഗൈറ്റിന്റവിടെ ദാ നില്‍ക്കുന്നു അലസന്‍ രാജേഷും,ധൃതി നിസാറും !
അവര്‍ അടുത്ത് വന്നിട്ട് പറഞ്ഞു,
"അളിയാ........... നിന്നെ ഞങ്ങള്‍ക്കറിയാം, നിന്‍റെ മനസ്സ് ഞങ്ങള്‍ക്കറിയാം ...... നിനക്ക് ഈ ടെന്‍ഷന്‍ താങ്ങാന്‍ പറ്റില്ല ..........വാ കുപ്പിയെടുക്കാം!" .
ആ പസ്റ്റ് ! വധൂ ഗൃഹത്തിലേക്കിറങ്ങുന്ന വരനോട് പറയാന്‍ പറ്റിയ ഇതിലും നല്ല ഡയലോഗില്ല.
"ഇങ്ങള് ന്നെ ഇങ്ങനെ സ്നേഹിക്കല്ലഡാ....ഞാന്‍ ചാവാന്‍ പോവൊന്നുമല്ലാലോ, കല്യാണം കഴിക്കാനല്ലേ പോണത് ?".
"രണ്ടും ഒന്ന് തന്നേണ്, അതാ ഈ പറയണത്".
വീണ്ടും ടെന്‍ഷനാക്കി, മനപ്പൂര്‍വ്വാ !


ഇനി ഈ ടെന്‍ഷന്‍ കാരണം താലിയെങ്ങാനും വേറാരുടെയെങ്കിലും കഴുത്തില്‍ കൊണ്ടോയി കെട്ടുമോ ആവോ, കണ്ടറിയണ്ടേരും.
ഈ ടെന്‍ഷന്‍ സഹിക്കാന്‍ പറ്റില്ല എന്നുറപ്പുള്ളോണ്ട്, മല്ലികേനേട്ട് ഒളിച്ചോടി രജിസ്റ്റര്‍ മേരേജ് കഴിച്ചാലോ എന്ന് വരെ ആലോചിച്ചതാ.  ബട്ട് മൈ ഫാദര്‍ , കിണ്ടി പറമ്പില്‍ ശങ്കരന്‍ ! തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ക്കായി വീട്ടില്‍ എലിമിനേഷന്‍ റൌണ്ട് നടത്തായിരിക്കും. ആള്, നൂറിന്‍റെയും ഇരുന്നൂറിന്റെയും നോട്ട് കവറിലിട്ടു കൊടുത്ത്, നാട്ടിലെ സകല കല്യാണത്തിലും  പാര്‍ട്ടിസിപ്പേറ്റു ചെയ്തിട്ടുണ്ട്. അതൊക്കെ എന്നെ കണ്ടിട്ടാണ്. അതൊക്കെ തിരിച്ചുകിട്ടാന്‍ കൂടി വേണ്ടിയാണല്ലോ ഞാന്‍ കെട്ടുന്നത് !


പെണ്ണിന്റെ വീടെത്തി, ക്യാമറാമാന്‍ ഓടി കാറിന്റെ അടുത്ത് വന്നിട്ടു പറഞ്ഞു,
"ബോസേ ഇങ്ങള് , ഇറങ്ങുമ്പോ രണ്ടു കാലും ഒരുമിച്ച് നിലത്തേക്ക് വെച്ച് ഇറങ്ങണം"
"അതെന്തിനാ ?"
"യേയ്, ഇങ്ങള് ബിഗ്‌ ബില് മമ്മൂട്ടി അവതരിപ്പിച്ച ബിലാല്‍ ഇറങ്ങണത് കണ്ടിട്ടില്ലേ ?"
"മോനെ ....., അതിന് ന്‍റെ പേരിന്‍റെ അപ്പ്രത്ത്ള്ളത് 'ജോണ്‍ കുരിശിങ്കല്‍' എന്നല്ല, 'ശങ്കരന്‍ കിണ്ടിപറമ്പില്‍' ന്നാ."
ഓന്‍ പോയി.


കാലു കഴുകല്‍. പെണ്ണിന് സ്വന്തം ആങ്ങളയില്ല, ഒരു വകേലാങ്ങളയാണ് കാലു കഴുകുന്നത്.
ഓന്‍ കുറച്ച്  നേരം വിസ്തരിച്ചു കഴുകട്ടെ.  ങ്ങള്‍ക്കറിയോ? ഈ പഹയന്‍, പണ്ട് തൃത്താല ഗാനമേളയ്ക്ക് പോയിട്ട് ഞങ്ങള് തല്ലുണ്ടാക്കിയപ്പോ, ന്‍റെ ചിറിക്ക് തച്ചിട്ടുണ്ട്. ഞാന്‍ ഓന്റെ പിന്നാലെ ഓടി പെരടിക്ക് പൊട്ടിച്ച്. പിന്നീട് അത് പറഞ്ഞ് പഞ്ചായത്താക്കി. ആ ഓന്‍ കാല് കഴുകി തരുമ്പോ ഒരു സുഖം. നന്നായിട്ട് കഴുകടാ....


പന്തലിലേക്ക് ഞാന്‍ നടക്കുന്നത് വീഡിയോ എടുക്കുന്നതാണ് കാണേണ്ട കാഴ്ച ! 'ബിഗ്‌ ബി' ഇറങ്ങിയശേഷം, എല്ലാ സ്റ്റുഡിയോകളിലും ഓരോ അമല്‍ നീരദുമാര്‍ ഉണ്ടാവും. മ്മള് നടക്കുമ്പോ നിലത്തു നിന്ന് മേലോട്ടെ അവര് ക്യാമറ എടുക്കൂ. ഇടയ്ക്ക്  ഉയരത്ത് കേറി താഴോട്ടെടുക്കും. സ്ലോ-മോഷന്‍ ആക്കാന്‍ സോഫ്റ്റ്‌വേര്‍ ഉള്ളതുകൊണ്ട് സ്ലോ മോഷനില്‍ നടക്കാന്‍ പറയാറില്ല, ഭാഗ്യം. ഇനി കല്യാണകാസറ്റ് എങ്ങാനും എഡിറ്റ് ചെയ്ത് നോണ്‍ ലീനിയര്‍ ആക്കി ഇറക്കുമോ ആവോ, അല്ല ഇപ്പൊ അതാണല്ലോ ട്രെന്‍ഡ് !



മണ്ഡപത്തില്‍ ചെന്നിരുന്നു. പന്തലിലേക്ക് നോക്കാന്‍ തന്നെ പേടിയാവുന്നു . അമ്പത് പേര് തെകച്ചില്ലാത്ത ക്ലാസില്‍ ഒരു സെമിനാര്‍ എടുക്കാന്‍ പറഞ്ഞപ്പോ, ലീവെടുത്ത് രണ്ടാഴ്ച വീട്ടിലിരുന്ന ഞാനാ ഇപ്പ ആയിരത്തിച്ചില്ലാനും ആള്‍ക്കാരുടെ മുന്നിലിരിക്കുന്നത് !!
എല്ലാരുമെന്താ ന്നെ തന്നെ ഇങ്ങനെ നോക്കണത് ? ഇവര്‍ക്കൊക്കെ വേറെ എങ്ങടെങ്കിലും നോക്കികൂടെ ?
ഓരോരുത്തന്മാരുടെ നോട്ടം കണ്ടാല്‍ അവന്‍റെ ഭാര്യയെയാണ് ഞാന്‍ കെട്ടാന്‍ പോണത് എന്ന് തോന്നും. മനപ്പൂര്‍വ്വാ !
ഈ കല്യാണ പന്തലില് വെച്ചിരിക്കുന്ന ടിവിയിലൊക്കെ സീരിയല് വെക്കണം, എന്നാ പിന്നെ പെണ്ണുങ്ങളൊക്കെ അതില്‍ നോക്കി ഇരുന്നോളും, ഇങ്ങോട്ടാരും നോക്കില്ല.


ഹൃദയമിടിപ്പ്‌ നാലേ ഗുണം നൂറുമീറ്റര്‍ റിലേ ഓടാനുള്ള  കാര്യപരിപാടികള്‍ കെടക്കുന്നതേ ഉള്ളൂ, താലികെട്ടല്‍,  മാലയിടല്‍ , പുടവ കൊടുക്കല്‍, വട്ടം ചുറ്റല്‍ , പാലും പഴവും കൊടുക്കല്‍.........ശ്ശോ.
ശരിക്കും കല്യാണം ലളിതമായിരിക്കണം. 'സന്ദേശ'ത്തില് ശ്രീനിവാസന്‍ പറയണപോലെ ഒരു രക്തഹാരം അങ്ങോട്ട്‌, ഒരു രക്തഹാരം ഇങ്ങോട്ട്, കണ്ടിരിക്കുന്നവരുടെ ജയ്‌ വിളി. അത് മതിയാര്‍ന്നു.

ന്‍റെ പെണ്ണ്‍ വന്നു.
ങ്ങേ !! അന്ന് ഞാന്‍ പെണ്ണുകണ്ട് പോയ പെണ്ണ് തന്നെയാണോ ഇത് ? ബ്യൂട്ടിപാര്‍ലറ്കാരുടെ ഓരോ വികൃതികളേ !
"ആ ഇളക്ക താലി ഒരു മൂന്നുപവന്‍ കാണും , ആ കടകവള ഒന്നരപവനേ  ഉണ്ടാവൂ."
പെണ്ണുങ്ങളുടെ സൈഡില്‍ നിന്ന് കലപിലകള്‍ തുടങ്ങി. കണ്ണ് കൊണ്ട് സ്വര്‍ണം അളക്കാനുള്ള ഒരു പ്രത്യേകതരം കഴിവ് ദൈവം അവര്‍ക്ക് കൊടുത്തിട്ടുണ്ടല്ലോ.

മല്ലിക വന്ന് അടുത്തിരുന്നു , വിറ കൂടി.
പിന്നെ മൊബൈല്‍ ക്യാമറാമാന്മാരുടെ ബഹളമാണ്. അഞ്ഞൂറ് ഉര്‍പ്പ്യക്ക്‌ മൊബൈല്‍ ഇറക്കിയ അംബാനിയുടെ തന്തക്കു വിളിച്ചുപോവും. പക്ഷെ കൂട്ടത്തില്‍ ഒരു വ്യത്യസ്ഥനുണ്ടായിരുന്നു അവനെ ഞാന്‍ തിരിച്ചറിഞ്ഞു. ഓണപതിപ്പിന് വെള്ള പെയിന്റെടിച്ച വലുപ്പത്തിലുള്ള ഒരു സാധനത്തിലാണവന്റെ പോട്ടോ പിടുത്തം.
"കുട്ടാ, എന്താടാ ഇത്"
ഓന് ഗമ കൂടി. "ഏട്ടാ ഇതാണ് ടാബ് ലെറ്റ്".
"ഓ, അയികോട്ടെ".
ഏതു കല്യാണത്തിലും ഇങ്ങനെ ഒരു കുരുപ്പിനെ കാണാന്‍ കിട്ടും. ഷോ കാണിച്ച് ആള്‍ക്കാരുടെ ശ്രദ്ധ നേടാന്‍ വെമ്പുന്ന ടീംസ്.

അതെ, ഞാന്‍ ആ കാഴ്ച കണ്ടു! എന്‍റെ അടുത്തേക്ക് വരുന്ന സുന്ദരനും, ബേജാറപ്പുവും! നാട്ടിലെ മെയിന്‍ കല്യാണാ ഘോഷ കമ്മറ്റിക്കാരാണ്. ഏതു കല്യാണവും ആഘോഷിച്ചലമ്പാക്കി കയ്യില്‍ത്തരും. ഇന്നലെ കുപ്പി വാങ്ങികൊടുത്ത്, ഇന്ന്‍ അലമ്പുണ്ടാക്കാതിരിക്കാന്‍ ഞാന്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. പക്ഷെ താലി കെട്ടുമ്പോള്‍ ഗുണ്ട് പൊട്ടിക്കും എന്നവര് പറഞ്ഞിട്ടുണ്ട്. അത് കുഴപ്പമില്ല.
"മനോരാ, ഞങ്ങള്‍ക്കിന്നും കുപ്പി വേണം, പൈസട്ക്ക്".
"പുന്നാര സുന്ദരാ......ഇന്നലെ ഞാന്‍ എടപ്പാള് സല്‍ക്കാരേന്ന്‍ വാങ്ങി നിങ്ങടെ അണ്ണാക്കി ല്‍ ക്ക് കമുത്തി തന്നത് അവില്‍ മില്‍ക്ക് അല്ലാലോ, റമ്മല്ലേ ?".
"പോര ഇന്നും വേണം, അതും സ്മിര്‍നോഫ് വേണം".
ഇംഗ്ലീഷില്‍, 'എ'യും  'ബി'യും കഴിഞ്ഞാല്‍ 'സി'യാണെന്നു വരെ അറിയാത്ത സുന്ദരനാണ് പറയുന്നത് സമീര്‍നോഫ്!!
റം ഒഴികെ മറ്റെന്തു മണത്താലും, വാള് വെക്കണ സുന്ദരന് ഇന്ന് സ്മിര്‍നോഫ് തന്നെ വേണം. മനപ്പൂര്‍വ്വാ !
"മനോരാ......അണക്ക്  ഭാര്യേം   കൊണ്ട് അറബാനയില് വീട്ടില്‍ക്ക്‌ പോണോ ?"
"വേണ്ട".
പോക്കറ്റില്‍ നിന്ന് ആയിരം ഉര്‍പ്പ്യേം അവരും ഒരുമിച്ചു പോയി.



കല്യാണത്തിന്റെ കാര്യ പരിപാടികള്‍ തുടങ്ങി. സത്യത്തില്‍ ഈ കല്യാണം എന്നാല്‍ ക്യാമറാമാന്മാരുടെ കലയാണ്‌ .അത് തിരകഥയെഴുതി സംവിധാനം ചെയ്യുന്നത് ഓനാണ്. എപ്പോ താലി കെട്ടണം, എങ്ങനെ കെട്ടണം എന്ന് ഓന്‍ പറയും, മ്മള് കേക്കണം. ഇനി കേട്ട്യീത് ശരിയായില്ലെങ്കില്‍ ഓന്‍ വീണ്ടും കെട്ടാന്‍ പറയും, അതും മ്മള് ചെയ്യണം. അപ്പൊ മ്മളാരാ? നായകനല്ല, അതിനു മൂന്നക്ഷരമില്ലേ? ഇതിന് രണ്ടക്ഷരം, സസി !

താലികെട്ടല്‍.
ഇന്നേ വരെ ഒരു ചെക്കനും മര്യാദയ്ക്ക് താലി കെട്ടീട്ടുണ്ടാവില്ല. വിറച്ചു വിറച്ചു കൈ അറിയാതെ പൊങ്ങി പോകുന്നതാണ്. കഴുത്തിന്റെ അടുത്തു കൊണ്ടെത്തിച്ചാ മതി . കെട്ടലൊക്കെ പിന്നില്‍ നില്‍ക്കുന്ന അമ്മായിമാരും നാത്തൂന്മാരും ചെയ്തോളും.

.................ഠേ............................. ഗുണ്ട് പൊട്ടിയതും, അതുകേട്ട് അവന്റെ കയ്യില്‍ നിന്നും ടാബ് ലെറ്റ് നിലത്തു വീണതും ഒരുമിച്ചായിരുന്നു.
നിലത്തുവീഴുമ്പോള്‍ ട്യൂബ് ലൈറ്റ് പോലെ പൊട്ടി ചിതറുന്നതുകൊണ്ടാണോ ഇതിനെ 'ടാബ് ലെറ്റ്' എന്ന് വിളിക്കുന്നത്‌? എന്തായാലും നന്നായി, ആ ഹലാക്കിലെ അവുലോസുണ്ട കൊണ്ട് കൊറച്ചൊന്നുമല്ല ഓന്‍ മെയിനായത് .


എല്ലാം കഴിഞ്ഞു പാലും പഴവും രുചിച്ചു കൊണ്ടിരിക്കുമ്പോ കളക്ഷനെ കുറിച്ച് ചേച്ചിയോട് ആരാഞ്ഞു.
"മനോഹരാ, കളക്ഷന്‍ പറ്റെ മോശാടാ, കവറൊന്നും തീരെ കിട്ട്യീട്ടില്ല. കിട്ടിയ പ്രസന്റെഷനുകളുടെ വലുപ്പം കണ്ടിട്ട് വല്യ പ്രതീക്ഷ വെക്കാതിരിക്കുന്നതാ നല്ലത് എന്ന് തോന്നണു."
ഈശ്വരാ........എന്‍റെ കല്യാണം ഒരു ബോക്സ് ഓഫീസ് പരാജയമാവുമോ ?
മല്ലികയോട് ചോദിച്ചു,
"തന്‍റെ സൈഡില്‍ എങ്ങനുണ്ട് കളക്ഷന്‍?"
"ഇവിടുത്തെ കാര്യം അതിലും വിറ്റാ...........കല്യാണ കത്തില് അച്ഛന്‍ ഒരു വെയിറ്റ് കിട്ടാന്‍ വേണ്ടി 'No presents, just your presence' എന്നെഴുതി. ആള്‍ക്കാര് അത് കേള്‍ക്കാന്‍ കാത്തിരിക്ക്യേര്‍ന്നു."
"അപ്പൊ, ഇന്ന് കല്യാണം പുറപ്പെടുമ്പോ, പെണ്ണിന് പകരം പെണ്ണിന്‍റെ അച്ഛനായിരിക്കുമല്ലോ കരയുന്നത് !"


സദ്യയുണ്ണാന്‍ പോകുമ്പോളുണ്ട്, മീശ പോലും മുളയ്ക്കാത്ത ഒരുത്തന്‍ മറ്റോനോട് ആവലാതി പറയുന്നു .
"പണ്ടൊക്കെ കല്യാണത്തിന് മുറുക്കാന്റെ ഒപ്പം സിഗറെറ്റ് വെക്കണ പതിവുണ്ടാര്‍ന്നു, മ്മള് വലി തുടങ്ങിയപ്പോ അതും നിര്‍ത്തി !".
അവടെ ഡയലോഗടിക്കാതെ പോവാന്‍ തോന്നിയില്ല,
"മോനെ , അങ്ങനെ ഓസിന് കിട്ടി ശീലിച്ചതോണ്ടാ മലയാളികള്‍ ഇങ്ങനെ കുടിയന്മാരും, വലിക്കാരും ആയത്"

ഇലയിട്ട ശേഷം സദ്യ വിളമ്പാന്‍ വേണ്ടി വേണ്ടി കാത്തു നില്‍ക്കുമ്പോഴാണ് എനിക്കാ അതിബുദ്ധി തോന്നിയത്.
"മല്ലികേ ..... സാധാരണ ആദ്യരാത്രി പറയുന്ന കാര്യം നമുക്കിപ്പഴേ പറഞ്ഞവസാനിപ്പിക്കാം, എന്നാപിന്നെ രാത്രി സമയം കളയണ്ടല്ലോ, ഏത് !"
"എന്താ?".
"ഒരു കുട്ട്യേനെ ഒക്കത്ത് വെച്ച് നിക്കണ ആ പച്ച സാരിയെ കണ്ടോ?"
"ഉം".
"ഓളും ഞാനും അഞ്ചു കൊല്ലം പ്രേമത്തിലായിരുന്നു. പിന്നെ ഒള് ഓള്‍ടെ പാട്ടിനു പോയി.
ഇനി മല്ലിക പറ, മല്ലികയ്ക്ക് ആരോടെങ്കിലും പ്രേമം ഉണ്ടായിരുന്നോ?"
മൌനം .......
"പറ മല്ലികേ ......ഇങ്ങനെ നാണിച്ചാലോ? നമ്മള്‍ രണ്ടുപേരും ഒരു ജീവിതം തുടങ്ങാണ്, അപ്പൊ പരസ്പരം എല്ലാം അറിഞ്ഞിരിക്കണം. ഞാന്‍ എന്‍റെ കാര്യം ഓപ്പണായി പറഞ്ഞില്ലേ?"

മല്ലിക പറഞ്ഞു തുടങ്ങി.
"ക്യാമറയ്ക്ക് ലൈറ്റ് അടിച്ചു കൊടുക്കുന്ന ആ ചെക്കനെ കണ്ടോ? എന്നോട് ആദ്യായിട്ട് ഇഷ്ടാണ് എന്ന് പറയുന്നത് അവനാണ്".
"മണ്ടന്‍".

കായ വറുത്തതും ശര്‍ക്കര ഉപ്പേരിയും വന്നു
"എനിക്ക് ആദ്യത്തെ ലവ് ലെറ്റര്‍ കിട്ടുന്നത് ഇവന്റെ കയ്യീന്നാ".
"പൊട്ടന്‍".

അച്ചാര്‍ വന്നു
"എനിക്ക് ഏറ്റവും കൂടുതല്‍ റീ ചാര്‍ജ് ചെയ്ത് തന്നിട്ടുള്ളത് ഈ ഏട്ടനാ".
"വിഡ്ഢി".

പുളിയിഞ്ചി വന്നു
"എന്‍റെ ദേഹത്ത് ആദ്യായിട്ട് തൊട്ടത് ഇയാളാ.....".
.
.
.
.
.
.
.
.
പിന്നെ അവിയല് വന്നു,
കാളന്‍ വന്നു ,
ഓലന്‍ വന്നു ,
കിച്ചടിയും, പച്ചടിയും , തോരനും വന്നു .
ഇടയ്ക്ക് ചോറും സാമ്പാറും പപ്പടവും വന്നിരുന്നു, അവര്‍ പക്ഷെ ലിസ്റ്റില്‍ ഇല്ലാത്തവരായിരുന്നു.
രസം വന്നു, മോര് വന്നു, രണ്ടു കൂട്ടം പായസവും വന്നു.
വയറു നിറഞ്ഞു.



"കാലം, സമയം, യോഗം."

April 07, 2012 ബിജുകുമാര്‍ alakode

“മേലാല്‍ ഈ പരിപാടിയ്ക്കെന്നെ വിളിച്ചേക്കരുത്. ഇതിപ്പോ എത്രാമത്തെ തവണയാ..?” ഉരുളന്‍‌കല്ലുകള്‍ക്കിടയിലൂടെ താഴേയ്ക്കൂര്‍ന്നുപോകുന്ന ഒറ്റയടിപ്പാതവഴി ബാലന്സ് പിടിച്ചിറങ്ങുമ്പോള്‍ ഞാന്‍ രാമചന്ദ്രനോടു കയര്‍ത്തു.

“ഏയ് ഇതു ശരിയാകൂലടാ.. നാട്ടുകാരെന്തു പറയും..?” ചെറിയൊരു ചമ്മലോടെ രാമചന്ദ്രന്‍ പുറകില്‍ നിന്നു പറഞ്ഞു.

“ദേ, ഞാന്‍ നല്ല പുളിച്ച തെറി പറയും കേട്ടോ.. നാട്ടുകാര്‍ക്കിതും പറഞ്ഞോണ്ടിരിയ്ക്കലല്ലേ പണി..! എടാ ആണുങ്ങളായാല്‍ കുറച്ച് തന്റേടം വേണം. ഇതൊരു മാതിരി.... അല്ല സത്യം പറ, നിനക്കു വല്ല കുഴപ്പവും ഉണ്ടോ? അതോ ഇത്ര വീട്ടില്‍ നിന്നു ചായേം പലഹാരോം തിന്നോളാമെന്നു നേര്‍ച്ചയുണ്ടോ..?”

പുറകില്‍ നിന്നു മറുപടിയൊന്നും വന്നില്ല. അവന്റെ കാലു കല്ലില്‍ തട്ടിയെന്നു തോന്നുന്നു. വേദനകൊണ്ടു ചുളിഞ്ഞ മുഖത്തോടെ വിരലുപൊത്തിപ്പിടിയ്ക്കുന്നതു കണ്ടു. അതു കണ്ടപ്പോള്‍ സത്യമായും എനിയ്ക്കു വിഷമം തോന്നി. സംഗതി നിങ്ങളൂഹിച്ചതു തന്നെ. ഞങ്ങള്‍ ഒരു പെണ്ണുകാണാന്‍ പോയിട്ടു വരുകയാണ്. എനിയ്ക്കല്ല, രാമചന്ദ്രന്.

ഞങ്ങള്‍ ഏകദേശം സമപ്രായക്കാരും സഹപാഠികളും ഒന്നിച്ചു കളിച്ചു വളര്‍ന്നവരുമാണ്. എന്റെ കല്യാണത്തിനു വധൂഗൃഹത്തിലേയ്ക്ക് കൈപിടിച്ചു നടത്തിയത് രാമചന്ദ്രനാണ്. തിരിച്ച് അവന്റെ കൈപിടിച്ച് നടത്തണം എന്നെനിയ്ക്കും ആഗ്രഹമുണ്ട്. പക്ഷെ അവന്‍ അതിനൊരവസരം തരുന്ന മട്ടില്ല. ഇവന്റെ കാര്യം വീട്ടില്‍ സംസാരിയ്ക്കുമ്പോഴൊക്കെ എന്റെ അമ്മ പറയും: “കല്യാണം ഒരു യോഗാണ്. അതിനൊക്കെ അതിന്റേതായ സമയമുണ്ട്, അപ്പോഴേ അതു നടക്കൂ. എന്തുണ്ടായിട്ടും കാര്യമില്ല. അല്ലെങ്കില്‍ പിന്നെ ഒന്നാന്തരം ജോലിയുണ്ടായിട്ടും എന്തേ രാമചന്ദ്രന്റെ കല്യാണം മാത്രം നടക്കുന്നില്ല..? ”

അതേ, അതാണെനിയ്ക്കും അല്‍ഭുതം. സഹകരണബാങ്കിലെ ക്ലര്‍ക്കാണ് രാമചന്ദ്രന്‍. മോശമല്ലാത്ത ശമ്പളം. അതേ സമയം എനിയ്ക്കോ, ബാങ്കു ജോലി പോയിട്ട്, പറയാന്‍ പറ്റാവുന്ന യാതൊരു ജോലിയുമില്ല. പത്രങ്ങളിലെ ക്ലാസ്സിഫൈഡ് പംക്തിയില്‍ വരുന്ന ഡയറക്ട് മാര്‍കറ്റിങ്ങും, ഏജന്‍സിപ്പണിയുമൊക്കെയായി തട്ടിമുട്ടി പോകുന്നു. ഉടയാത്ത ഷര്‍ട്ടും പാന്റുമിട്ട് ബാഗും തൂക്കി നടക്കുന്നതിനാല്‍ കേമപ്പെട്ട എന്തോ ജോലിയാണെന്ന് പലരും തെറ്റിദ്ധരിച്ചിരിയ്ക്കുന്നു എന്നു മാത്രം. ഞാന്‍ പെണ്ണുകാണാന്‍ ചെന്നപ്പോള്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവെന്നാണ് തട്ടിവിട്ടത്. വലിയ ശമ്പളക്കാരാ‍നാണെന്ന് അവര്‍ കരുതിക്കാണണം, കല്യാണം പെട്ടെന്നു നടന്നുകിട്ടി. രാമചന്ദ്രന്റെ ശമ്പളത്തിന്റെ മൂന്നിലൊന്നു വരില്ല എന്റെ വരുമാനമെന്ന് എനിയ്ക്കും ദൈവത്തിനും മാത്രം അറിയാവുന്ന കാര്യം. ഇങ്ങനെയൊക്കെ ആയിട്ടും രാമചന്ദ്രന്റെ കല്യാണമെന്താ നടക്കാത്തത്? ഞാന്‍ നോക്കിയിട്ട് അമ്മ പറഞ്ഞ കാരണം തന്നെയാവാനാണു സാധ്യത. ഓരോന്നിനും അതിന്റേതായ സമയമുണ്ട്.

രാമചന്ദ്രനു ഒരു ചേട്ടനും ഒരു അനുജനും നാലു സഹോദരിമാരുമാണ്. വളരെ ദരിദ്രമായിരുന്നു വീട്ടിലെ സാഹചര്യം. മിടുക്കനായിരുന്ന അവനു പഠിച്ചിറങ്ങിയ ഉടന്‍ ജോലി കിട്ടി. അതിനു മറ്റൊരു കാരണം കൂടിയുള്ളത്, അവന്‍ നാട്ടിലെ വലിയ പാര്‍ടിപ്രവര്‍ത്തകനായിരുന്നു എന്നതും, സഹകരണബാങ്ക് ഭരണം പാര്‍ടിയ്ക്കായിരുന്നു എന്നതും ആണ്. എന്തായാലും അവനു ജോലികിട്ടിയതോടെ ദാരിദ്ര്യം കുറേ മാറി. ചേട്ടന്‍ വിവാഹിതനായി. സഹോദരിമാരുടെയെല്ലാം കല്യാണം കഴിഞ്ഞു. അവന്റെ അനുജന്‍ ഒരു പെണ്ണിനെ പ്രേമിച്ചു കെട്ടുകയും ചെയ്തു. ചുരുക്കത്തില്‍ ഇപ്പോള്‍ വലിയ ഉത്തരവാദിത്തങ്ങളൊന്നും ഇല്ല. എന്നിട്ടും അവന്റെ കല്യാണം മാത്രം നടക്കുന്നില്ല.

രാമചന്ദ്രനുവേണ്ടി ആദ്യമായി പെണ്ണുകാണാന്‍ പോയത് ഞങ്ങളൊരുമിച്ചാണ്. അതു വലിയ രസമായിരുന്നു. അല്പം അകലെയുള്ള അമ്പലത്തില്‍ ഉത്സവത്തിനു പെണ്ണു വരുന്നുണ്ട്. ഒരു പരിചയക്കാരന്‍ നേരത്തെ വിവരം അറിയിച്ചതനുസരിച്ച് പെണ്ണ് ചുറ്റമ്പലത്തിന്റെ തെക്കേ മതിലരുകില്‍ നില്‍ക്കും. രാമചന്ദ്രനു കാണാം, സംസാരിയ്ക്കാം, ഇഷ്ടപെട്ടാല്‍ കല്യാണം. അതിനൊരു തുണയായിട്ടാണ് ഞാന്‍. വൈകുന്നേരത്തെ ദീപാരാധനയ്ക്കു മുന്‍പുള്ള നേരം. അമ്പലത്തില്‍ നല്ല തിരക്ക്. ഞങ്ങള്‍ അല്പം മാറി ആല്‍ച്ചുവട്ടില്‍ ഇരുന്നു. തെക്കേ മതില്‍ കാണാം. പറഞ്ഞ നേരമായപ്പോള്‍ ഒരു യുവതിയും പ്രായമായ ഒരു സ്ത്രീയും ആരെയോ പ്രതീക്ഷിച്ചെന്ന മട്ടില്‍അവിടെ വന്നു നിന്നു.
“എടാ അവരു വന്നു. വാ നമുക്കു ചെല്ലാം..” ഞാന്‍ രാമചന്ദ്രനോടു പറഞ്ഞു.
“എനിയ്ക്കൊരു മടി.. നീ ചെന്ന് അവരോടു സംസാരിയ്ക്ക്. കൊള്ളാവുന്നതാണെങ്കില്‍ എന്നെ വിളിച്ചാല്‍ മതി..”അവന്‍ സങ്കോചത്തോടെ പറഞ്ഞു.
“ഞാനോ..! എനിയ്ക്കാണോടാ പെണ്ണുകാണല്‍? നീ മര്യാദയ്ക്കു വാ.. അല്ലേല്‍ അവരു പോകും..”
പിന്നേം മടി പറഞ്ഞെങ്കിലും ഞാനവനെ ഒരു വിധത്തില്‍ അങ്ങോട്ടു വലിച്ചുകൊണ്ടുപോയി.  അരികിലെത്തിയപ്പോള്‍  പ്രായമായ സ്ത്രീ ചിരിച്ചു. ഞാന്‍ പെണ്ണിനെ നോക്കി. വലിയ തരക്കേടില്ല. രാമചന്ദ്രനു ചേരും.
“ഇതാണ് ചെറുക്കന്‍.. എടാ വല്ലതും സംസാരിയ്ക്കാനുണ്ടെങ്കില്‍ ചോദിയ്ക്കെടാ..” ഞാന്‍ തോണ്ടിയിട്ടൊന്നും രാമചന്ദ്രനു അനക്കമില്ല.  പെട്ടെന്ന് ദീപാരാധയ്ക്കു മണിയടിച്ചു. ആള്‍ക്കൂട്ടം ശ്രീകോവില്‍ പരിസരത്തേയ്ക്കു നീങ്ങി.
“വാ മോളെ പോകാം” എന്നും പറഞ്ഞ് അവരും പോയി.
“നീയെന്നാ കോപ്പിലെ പരിപാടിയാടാ കാണിച്ചത്..?” ഞാന്‍ അവനോടു ചൂടായി.
“അതല്ലെടാ.. ആ പെണ്ണിനെ എനിയ്ക്കത്ര പിടിച്ചില്ല. നീ വാ.. അതു പോട്ടെ..” അവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.

 അതൊരു തുടക്കമായിരുന്നു. പിന്നീട് പലപ്പോഴായി, പത്തു തവണയില്‍ കുറയാതെ പലയിടത്തും പോയി. ഒന്നും അവനു പിടിച്ചില്ല. സൌന്ദര്യമാണോ കാരണം? അല്ല. പണമാണോ? അതുമല്ല. ഈ രണ്ടു കാര്യത്തിലും അവനു യാതൊരു നിബന്ധനയുമില്ല. പിന്നെന്താണ്?
ചിലയിടത്ത് പെണ്ണിനു സൌന്ദര്യം കൂടിപ്പോയി.  മറ്റു ചിലയിടത്ത് കാശു കൂടുതലാണ്...! കേള്‍ക്കുമ്പോള്‍ ഭ്രാന്ത് പറയുകയാണെന്നു തോന്നും അല്ലേ? സംഗതി സത്യമാണ്. താനത്ര സുന്ദരനല്ലെന്ന് രാമചന്ദ്രന് അറിയാം. സുന്ദരിയായ പെണ്ണിനെ കെട്ടിയാല്‍ നാട്ടുകാര്‍ പലതും പറയുമെന്നാണ് പേടി. ഒടുക്കം “വടക്കുനോക്കിയന്ത്രം“ സിനിമയിലെ ശ്രീനിവാസന്റെ ഗതികേട് തനിയ്ക്കും വരുമെന്നാണ് അവന്‍ പറയുന്നത്.  പണത്തിന്റെ കാര്യത്തില്‍ തന്നെക്കാള്‍ താഴ്ന്നവരെ മാത്രമേ കെട്ടുകയുള്ളു എന്ന്  പ്രതിജ്ഞ ചെയ്തിട്ടുണ്ടത്രേ..! വലിയ ചുറ്റുപാടില്‍ നിന്നൊക്കെ വരുന്ന പെണ്ണ്  തന്നെ വകവെക്കില്ല . ചുരുക്കത്തില്‍ ഇതെല്ലാം ഒത്തുവരുന്ന ഒരാലോചന ഇതുവരെ എത്തിയിട്ടില്ല.

“രാമചന്ദ്രാ..” ഞാന്‍ പുറകിലേയ്ക്കു വിളിച്ചു. ഞങ്ങള്‍ താഴെ ടാര്‍ റോഡിലെത്താനായിരുന്നു. “ഇത്തവണ ഈ ആലോചന വേണ്ടെന്നു വെയ്ക്കാനെന്താണു കാരണം?”
അവന്‍ ദയനീയത കലര്‍ന്ന ഒരു ചിരി ചിരിച്ചു. ഞാന്‍ അവന്റെ കാലിലേയ്ക്കു നോക്കി. പൊട്ടി ചോരയൊലിയ്ക്കുന്നുണ്ട്. “ആ പെണ്ണ് തീരെ ചെറുപ്പമല്ലേടാ..?” അവന്‍ ചോദിച്ചു.
“അതിന്..? അവര്‍ക്കു പ്രശ്നമൊന്നുമില്ലല്ലോ..?”
“അതു ശരിയാവില്ലെടാ..ഇത്രേം പ്രായവ്യത്യാസമൊക്കെ..”
“എടാ കെട്ടിച്ചു വിടാന്‍ കാശില്ലാതെ പുറ നിറഞ്ഞു നില്‍ക്കുന്ന പെണ്ണാ അത്. പിന്നെ ഇരുപത്തെട്ട് വയസ്സ് അത്ര ചെറുപ്പമൊന്നുമല്ല. നീയതിനെ കെട്ടിയാല്‍ ആ കുടുംബത്തോടു ചെയ്യുന്ന വലിയ ഉപകാരമായിരിയ്ക്കും”
“പതിനഞ്ചു വയസ്സിന്റെയൊക്കെ വ്യത്യാസമുള്ള ഒരു പെണ്ണിനെ കെട്ടിയാല്‍ എല്ലാരും കൂടെ എന്നെ കളിയാക്കി കൊല്ലും. തന്നെയുമല്ല അതിനെ കണ്ടാല്‍ ഒരു ഇരുപത്തിമൂന്നു വയസ്സേ പറയൂ. ഞങ്ങള്‍ ഒന്നിച്ചു നടന്നാല്‍ അച്ഛനും മോളുമാണെന്നു തോന്നും..”
എനിയ്ക്ക് നല്ല ദേഷ്യം വന്നു. “ങാ അതിപ്പോ ആലോചിച്ചിട്ടുകാര്യമില്ല. നേരത്തും കാലത്തും പെണ്ണു കെട്ടണം. എന്റെ മൂത്തമോനു പതിനാലു വയസ്സായി. നീയിപ്പോഴും പെണ്ണന്വേഷിച്ചു നടക്കുന്നു..! ”.
ഞാന്‍ പറഞ്ഞത് അവനു വല്ലാതെ കൊണ്ടെന്നു തോന്നുന്നു. എനിയ്ക്കു പാവം തോന്നി.
“സാരമില്ലെടാ ഞാന്‍ ചുമ്മാതെ പറഞ്ഞതാ. നിനക്കു വേണ്ടെങ്കില്‍ വേണ്ട. നമുക്ക് വേറെ അന്വേഷിയ്ക്കാം...”
“വേണ്ട.. നീ പറഞ്ഞതാ ശരി. ശരിയായ നേരത്ത് പെണ്ണുകെട്ടണം. അല്ലെങ്കില്‍ പിന്നെ അതു വേണ്ടെന്നു വെക്കുന്നതാണു നല്ലത്..” രാമചന്ദ്രന്‍ പൊള്ളയായി ചിരിച്ചു.
“അങ്ങനെ നിരാശപ്പെടാതെ. ഭര്‍ത്താവ് മരിച്ച ധാരാളം സ്ത്രീകളുണ്ട്. കുട്ടികള്‍ ഇല്ലാത്തവര്‍. പ്രായവും യോജിയ്ക്കും. പക്ഷെ നിന്നോട് അതു പറയുന്നതു ശരിയല്ലാത്തതു കൊണ്ടാണ് ഞാന്‍ മിണ്ടാതിരുന്നത്..”
“വേണ്ട.. അതു വേണ്ട. കെട്ടുന്നെങ്കില്‍ അതു ആദ്യകെട്ടുകാരിയെ മാത്രം. നീ കേട്ടിട്ടില്ലേ, വാടിയ പൂവ് ചൂടിയാലും ചൂടിയ പൂവ് ചൂടരുതെന്ന്..!”
ഇനിയെന്തു പറയാന്‍..! ഞാനൊന്നും മിണ്ടിയില്ല.
“വാടാ എന്റെ വീട്ടില്‍ നിന്നു ഊണു കഴിച്ചിട്ടു പോകാം..” രാമചന്ദ്രന്‍ എന്നെ വിളിച്ചു. ഞാന്‍ നിഷേധിച്ചില്ല. ചെറുപ്പത്തിലെങ്ങോ പോയതല്ലാതെ ഞാനവന്റെ വീടു കണ്ടിട്ടേയില്ല. അതിനുള്ള സാഹചര്യമൊന്നും ഒത്തുവന്നിട്ടുമില്ല.  വഴിയില്‍ കണ്ട കടയില്‍ നിന്നു കുറേ ബിസ്കറ്റുകളും മുട്ടായിയും ബ്രഡും അവന്‍ മേടിച്ചു. പിന്നെ ഒരു ഓട്ടോ പിടിച്ച് ഞങ്ങള്‍ വീട്ടിലേയ്ക്കു പോയി.

വളരെ പഴക്കമുള്ള വീട്. കുമ്മായം പൂശിയ ഭിത്തി പലയിടത്തും അടര്‍ന്നിരിയ്ക്കുന്നു. ഞങ്ങള്‍ ഉമ്മറത്തേയ്ക്കു കയറിയപാടെ കുറെ കുട്ടികള്‍ വന്ന് അവനെ പൊതിഞ്ഞു. കൈയിലിരുന്ന പൊതി തുറന്ന് എല്ലാവര്‍ക്കുമായി അതു വീതിച്ചു കൊടുത്തു..
“പെങ്ങന്മാരുടെ മക്കളാണ്. ഞാന്‍ പുറത്തുപോയി വന്നാല്‍ വലിയ ബഹളം വെക്കും..” അവന്‍ എന്നോടു പറഞ്ഞു.
അകത്ത് നല്ല ബഹളം. കുറേ സ്ത്രീകളുടെ സംസാരം. ആ ചെറിയ വീട്ടില്‍ വലിയൊരു ജനക്കൂട്ടം ഉള്ളതുപോലെ തോന്നിച്ചു.
“ഇത്രയും പേരുണ്ടോ നിന്റെ വീട്ടില്‍..?” ഞാന്‍ ശബ്ദം താഴ്ത്തി അവനോടു ചോദിച്ചു.
“രണ്ടു പെങ്ങന്മാരും ഇതേ വളപ്പില്‍ തന്നെയാ വീടുവെച്ചു താമസം. പിന്നെ ചേട്ടന്റെയും അനിയന്റെയും കുടുംബങ്ങള്‍. ഞങ്ങള്‍ക്ക് എല്ലാവരും ഒന്നിച്ചു കഴിയാനാ താല്പര്യം..” അവന്‍ ചിരിച്ചു. നിറമില്ലാത്ത ചിരി.

“മാമാ, എന്റെ നോട്ടുബുക്ക് തീര്‍ന്നു. നാളെ സ്കൂളില്‍ പോകാന്‍ ബുക്കില്ല..” അകത്തു നിന്നും ഒരു പെണ്‍കുട്ടിയുടെ ശബ്ദം. “വൈകിട്ടു മേടിച്ചു തരാം.. “ രാമചന്ദ്രന്‍ വാത്സല്യത്തോടെ പറഞ്ഞു. “ ഇളയ പെങ്ങളുടെ മോളാ. പഠിയ്ക്കാന്‍ മിടുക്കിയാണ്..“
“എടീ ശോഭനേ, അളിയന്റെ പനി കുറഞ്ഞോ.. ഇല്ലെങ്കില്‍ വേഗം കൊണ്ടുപോയി ഡോക്ടറെ കാണിയ്ക്ക് കേട്ടോ.. കാശ് വേണ്ടതു വന്നു മേടിച്ചോളാന്‍ പറ..” അകത്തേയ്ക്ക് നോക്കി അവന്‍ ഉച്ചത്തില്‍ പറഞ്ഞു. പിന്നെ എന്നെ നോക്കി. “നീ കൈകഴുകിയിരിയ്ക്ക്. ചോറിപ്പോ വിളമ്പാം..” ഞാന്‍ അവനെ ഉറ്റു നോക്കി. നരയും കഷണ്ടിയും അരിച്ചു കയറിയ തല. അവനിപ്പോള്‍ എന്റെ അച്ഛന്റെ പ്രായമുണ്ടെന്നു തോന്നി.

“വേണ്ട രാമചന്ദ്രാ..ചോറെടുക്കണ്ട. നേരം വൈകിയാല്‍ ഞാന്‍ പിന്നെ ഉണ്ണാറില്ല. എനിയ്ക്കിപ്പോ ഒരു കട്ടന്‍ചായ മതി..“.ഞാന്‍ കള്ളം പറഞ്ഞു.

ആ മുറ്റത്തേയ്ക്കു നോക്കി. വലിയ പന്തല്‍. അവിടെയൊരു കതിര്‍ മണ്ഡപം. കത്തിച്ചുവെച്ച നിലവിളക്കിനു മുന്‍പില്‍ മുഖം കുനിച്ചിരിയ്ക്കുന്ന വധു. അപ്പോള്‍ കൈപിടിച്ച് രാമചന്ദ്രനെ അങ്ങോട്ടാനയിയ്ക്കുന്ന ഞാന്‍. ചുറ്റും കുരവയിടല്‍. ലോകം വെട്ടിപ്പിടിച്ച സന്തോഷത്തോടെ രാമചന്ദ്രന്‍...
“ചായ..”
മേശമേല്‍ ഒരു ഗ്ലാസ് കട്ടന്‍ ചായയും പ്ലേറ്റില്‍ കൂടുപൊട്ടിച്ചിട്ട ബിസ്കറ്റുകളും വെച്ചിട്ട് രാമചന്ദ്രന്റെ മൂത്ത സഹോദരി അകത്തേയ്ക്കു പോയി. വാതില്‍ക്കല്‍ എന്നെ തന്നെ നോക്കി നിന്ന കുട്ടികളെ ഞാന്‍ അരികത്തേയ്ക്കു വിളിച്ചു. ബിസ്കറ്റ് അവര്‍ക്കോരുത്തര്‍ക്കും കൊടുത്തു.
ചായകുടിച്ച് ഞാനിറങ്ങിപ്പോരുമ്പോള്‍ പുറകില്‍ രാമചന്ദ്രനും കുട്ടികളും സഹോദരിമാരും  ചേര്‍ന്ന് കൈകൊട്ടി ഉച്ചത്തില്‍ പാടുകയായിരുന്നു. അവിടെയപ്പോള്‍ ആകാശത്തു നിന്നും ആയിരം പൂത്തിരികള്‍ പെയ്തിറങ്ങുന്നുണ്ടായിരുന്നു.